തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി. കേസില്‍ ആരോപണവിധേയനായ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കാര്യം അറിക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവര്‍ത്തകരോട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയത്. വാര്‍ത്താ ചാനലുകളില്‍ ഉള്‍പ്പെടെ ലൈവ് സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്.
ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന കാര്യം മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയും മറ്റവരുടെ പേര് പറയാനും പാടില്ലെന്നത് ശരിയല്ലെന്നായിരുന്നു കെ. രാധാകൃഷ്ണന്റെ മറുപടി. ബലാത്സംഗക്കേസുകളിലെ ഇരയുടെ പേര് പുറത്തുവിടരുതെന്ന കോടതി വിധി ഉള്‍പ്പെടെ നിലനില്‍ക്കെയാണ് ഇതിനെയെല്ലാം വെല്ലുവിളിച്ച് പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനായി ഇരയുടെ പേര് സിപിഎം ജില്ലാ സെക്രട്ടറി പുറത്തുവിട്ടത്.
പരാതിക്കാരിയായ യുവതിയെ മോശമായി ചിത്രീകരിക്കാനും കെ. രാധാകൃഷ്ണന്‍ ശ്രമിച്ചു. അവരുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്‌ക്കും ഇവരെക്കുറിച്ച് പരാതിയുണ്ടെന്നും പ്രസവിച്ച കുഞ്ഞുങ്ങളെപ്പോലും ഒന്‍പത് വര്‍ഷമായി നോക്കാത്ത വ്യക്തിയാണ് യുവതിയെന്നും കെ. രാധാകൃഷ്ണന്‍ ആരോപിച്ചു. അതൊന്നും ഇപ്പോള്‍ ആരും അന്വേഷിക്കുന്നില്ല. സിപിഎമ്മിന് എതിരായി കിട്ടിയ അയുധം എന്ന നിലയിലാണ് ഇപ്പോള്‍ സംഭവം പ്രചരിപ്പിക്കുന്നതെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ലഭിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ യുവതിയെ പീഡിപ്പിച്ചുവെന്ന് പറയാറായിട്ടില്ലെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണോയെന്ന ചോദ്യത്തോട് അതിനുളള സാദ്ധ്യത ഉണ്ടെന്ന് മാത്രമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം യുവതിയും ഭര്‍ത്താവും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും മുഖം മറച്ച് പേര് വെളിപ്പെടുത്താതെയായിരുന്നു ഇവര്‍ മാദ്ധ്യമങ്ങളെ കണ്ടത്. തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കരുതിയാണ് മുഖം മറച്ചിരിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നിട്ടും സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി പേര് വെളിപ്പെടുത്തിയതില്‍ പ്രതിഷേധവും വ്യാപകമായിക്കഴിഞ്ഞു.
പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് മാത്രമാണ് ജയന്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുളളത്. യുവതി പറഞ്ഞ വിനീഷിനെയും സസ്്‌പെന്‍ഡ് ചെയ്യും. കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് തല്‍ക്കാലം ജയന്തന്‍ രാജിവെയ്‌ക്കില്ലെന്നും കൂടുതല്‍ തെളിവുകള്‍ കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.