ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ച ഇരുപത്തിയഞ്ച് എന്‍ജിഒകളുടെ രജിസ്ട്രേഷന് പുതുക്കാന്‍ ആഭ്യന്തരമന്ത്രാലയം വിസമ്മതിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യതാല്പര്യത്തിന് നിരക്കുന്നതല്ലെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കടുത്ത നടപടി. എന്നാല്‍ ഈ സംഘടനകളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2010 ലെ വിദേശ സംഭാവന നിയന്ത്രണച്ചട്ടം അനുസരിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. നേരത്തെ 11,319 എന്‍ജിഒകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാനുളള ലൈസന്‍സ് മന്ത്രാലയം റദ്ദാക്കിയിരുന്നു. ലൈസന്‍സ് പുതുക്കാനുളള അപേക്ഷ നല്കാത്തവയുടെയും വൈകി നല്‍കിയവയുടെയും ലൈസന്‍സുകള്‍ ആണ് റദ്ദാക്കിയത്.
ഇതോടെ രാജ്യത്ത് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ നിയമപരമായി അനുമതിയുളള എന്‍ജിഒകളുടെ എണ്ണം 20,000 ആയി ചുരുങ്ങിയിരുന്നു. നേരത്തെ 33, 158 എന്‍ജിഒകളായിരുന്നു ഈ ഗണത്തില്‍ ഉണ്ടായിരുന്നത്.
മതിയായ രേഖകളില്ലാതെ അപേക്ഷ നല്കിയ 1736 സംഘടനകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. അപേക്ഷകളിലെ വിവരങ്ങള്‍ എന്തുകൊണ്ട് പൂര്‍ണമായി നല്‍കിയില്ലെന്ന് ഈ മാസം 8 നകം വിശദീകരിക്കണമെന്ന് മന്ത്രാലയം ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.