കശ്മീര്‍: അതിര്‍ത്തിയിലെ തിരിച്ചടിയില്‍ ഇന്ത്യ നശിപ്പിച്ചത് പാകിസ്ഥാന്റെ സൈനിക ആസ്ഥാനവും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിനായിരുന്നു പ്രത്യാക്രമണം. കഴിഞ്ഞ മാസം 29 നായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
അതിര്‍ത്തി മേഖലയിലെ സൈനിക ആസ്ഥാനമാണ് ആര്‍ട്ടിലറി ഗണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. കെരണ്‍ മേഖലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം അര്‍ട്ടിലറി ഗണ്‍ എത്തിച്ചായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ആക്രമണത്തില്‍ നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കഴിഞ്ഞ മാസം 28 നായിരുന്നു കുപ്വാരയിലെ മച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന 17 സിഖ് റെജിമെന്റിലെ സൈനികന് മന്ദീപ് സിംഗിനെ തീവ്രവാദികള്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്. പാകിസ്ഥാനില്‍ നിന്നുണ്ടായ വെടിവെയ്പിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രവാദികള്‍ രക്ഷപെടുകയും ചെയ്തു. സംഭവത്തിന് ശേഷം പാക് പ്രകോപനത്തിന് ശക്തമായ മറുപടി നല്കാന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി.
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഒരു മാസം പിന്നിടുമ്പോഴായിരുന്നു വീണ്ടും അതിര്‍ത്തിയില്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം 99 തവണ പാക് സൈന്യം അതിര്‍ത്തി മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.