വാഷിംഗ്ടണ്‍: യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ എട്ടിന് ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ന്യൂയോര്‍ക്ക്, ടെക്‌സാസ്, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്രമണ ഭീഷണി കൂടുതല്‍ ഉളളതെന്നും മുന്നറിയിപ്പില്‍ പറയുന്നു. അല്‍-ഖൊയ്ദയില്‍ നിന്നാണ് ഭീഷണി.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് നിര്‍ദ്ദേശിച്ചു. എന്തെങ്കിലും സംശയകരമായി കണ്ടാല്‍ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്‍മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഗ്രെഗ് അബ്ബോട്ട് വ്യക്തമാക്കി.
ഭീഷണിയെക്കുറിച്ച് എഫ്ബിഐയും ന്യൂയോര്‍ക്ക് പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു. ഭീഷണി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഉറവിടമോ മറ്റ് വിവരങ്ങളോ എഫ്ബിഐ വെളിപ്പെടുത്തിയിട്ടില്ല. അല്‍-ഖൊയ്ദയെയും അല്‍ ഖൊയ്ദയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെയും നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം ഡയറക്ടര്‍ നിക്കോളാസ് റസ്മുസെന്‍ വ്യക്തമാക്കി. വിവിധ ഡി്പ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഭീഷണി സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെങ്കിലും പരിഭ്രാന്തി വേണ്ടെന്നും എഫ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.