തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ പീഡനത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ അടിയന്തരമായി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡിജിപിക്ക് പരാതി നല്കി. ഡിജിപി പൊലീസ് ആസ്ഥാനത്തില്ലാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.
പീഡനത്തിന് ഇരയായ സ്ത്രീയുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 (എ) വകുപ്പ് പ്രകാരം രണ്ടു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്ന് കുമ്മനം രാജശേഖരന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മുന്‍ സ്പീക്കര്‍ കൂടിയായ കെ. രാധാകൃഷ്ണന് ഇക്കാര്യം അറിയാത്തതല്ല. എന്നിട്ടും മനപ്പൂര്‍വ്വം പേര് വെളിപ്പെടുത്തിയത് ബലാത്സംഗം പോലെ തന്നെ ക്രൂരമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു.
തെറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനെ രാധാകൃഷ്ണന് ന്യായീകരിക്കുകയായിരുന്നുവെന്ന് കുമ്മനം പരാതിയില്‍ വ്യക്തമാക്കി. ഇന്നലെയാണ് കേസില്‍ ആരോപണ വിധേയനായ സിപിഎം പ്രാദേശിക നേതാവ് ജയന്തനെ പാര്‍ട്ടിയില്‍ നിന്നും
സസ്പെന്‍ഡ് ചെയ്ത കാര്യം മാദ്ധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നതിനിടെ പീഡനത്തിന് ഇരയായ യുവതിയുടെ പേരും രാധാകൃഷ്ണന് വെളിപ്പെടുത്തിയത്. മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് മാത്രം പറയാം അവരുടെ പേര് പറയരുത് എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു അ്ദ്ദേഹത്തിന്റെ പ്രതികരണം. യുവതിയെ മോശമായി ചിത്രീകരിക്കാനും കെ. രാധാകൃഷ്ണന് ശ്രമിച്ചു.