കൊച്ചി: സംസ്ഥാനത്ത് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിലവിലുളളത് 47 വിജിലന്‍സ് കേസുകള്‍. ഇവരില്‍ പലരും വകുപ്പ് മേധാവികളാണെന്നതാണ് ഏറെ കൗതുകകരം. സര്‍ക്കാര്‍ അഴിമതി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി ആവര്‍ത്തിക്കുമ്പോഴും ഈ ഉദ്യോഗസ്ഥര്‍ ഉന്നതപദവികളില്‍ തുടരുകയാണ്.
ടോമിന്‍ ജെ. തച്ചങ്കരിക്കും ടി.ഒ സൂരജിനുമെതിരേയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ നിലനില്‍ക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 32 ഉം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 15 ഉം വിജലന്‍സ് കേസുകളാണ് നിലവിലുളളത്. ഇതില്‍ ഭൂരിപക്ഷത്തിലും വര്‍ഷങ്ങളായി അന്വേഷണം തുടരുകയാണെന്നതും വിചിത്രമായ വസ്തുതയാണ്.
സിഡ്്‌കോയിലെ അനധികൃത നിയമനം, അനധികൃത സ്വത്ത് സമ്പാദനം, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കല്‍ തുടങ്ങി 5 കേസുകള്‍ ആണ് ഐഎഎസ് ഉദ്യോഗസ്ഥനായ ടി.ഒ സൂരജിനെതിരെ നിലനില്‍ക്കുന്നത്. ടോമിന്‍ ജെ തച്ചങ്കരിക്കെതിരെയും 5 കേസുകള്‍ ഉണ്ട്. റാണി ജോര്‍ജ്, മനോജ് എബ്രഹാം, ശങ്കര്‍ റെഡി തുടങ്ങിയവരെല്ലാം അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉണ്ട്.
അന്വേഷണം നേരിടുന്ന ഈ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ തലപ്പത്ത് തുടരുന്നത് സര്‍ക്കാരിന്റെ സുതാര്യമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.