കോഴിക്കോട്: മതവിശ്വാസത്തിന്റെ പേരിൽ ആരോഗ്യരംഗത്ത് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കഴിഞ്ഞ ദിവസം മുക്കത്ത് നവജാതശിശുവിന് മതവിശ്വാസത്തിന്റെ പേരിൽ മുലപ്പാൽ നിഷേധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നവജാതശിശുവിന്റെ ജന്മാവകാശമാണ് മുലപ്പാലെന്നും, ഏതെങ്കിലും ദൈവം കുഞ്ഞിനു മുലപ്പാൽ നൽകരുതെന്നു പറഞ്ഞിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. ജനിച്ചു വീഴുന്ന കുഞ്ഞിന് ആദ്യം മുലപ്പാൽ നൽകേണ്ടതുണ്ട്. മതത്തെയും ദൈവത്തെയും തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുകയാണ് ചിലരെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുക്കത്ത് നവജാതശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. അഞ്ചു ബാങ്കു വിളിക്കാതെ കുഞ്ഞിനു മുലപ്പാൽ നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. ശിശുസംരക്ഷണ ഉദ്യോഗസ്ഥരും, ആശുപത്രി ജീവനക്കാരും നിർബന്ധിച്ചിട്ടു പോലും കുഞ്ഞിന് മുലപ്പാൽ നൽകാൻ ഇവർ തയ്യാറായില്ല. തുടർന്ന് മെഡിക്കൽ കോളേജിലേയ്‌ക്കു റഫർ ചെയ്തിരുന്ന കുഞ്ഞിനെ നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്കു കൊണ്ടു പോവുകയായിരുന്നു. വിഷയത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം അറസ്റ്റും നിയമനടപടിയും കൊണ്ടു മാത്രം ഒരാളുടെ മനസ്സിൽ പതിഞ്ഞു പോയ അന്ധവിശ്വാസം മാറ്റിയെടുക്കാനാവില്ലെന്നും ഇതിനായി പ്രചാരണം നടത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.