ന്യൂഡൽഹി : വടക്കാഞ്ചേരി കൂട്ടബലാത്സംഗം കേരളത്തിനു മാത്രമല്ല മുഴുവൻ രാജ്യത്തിനും നാണക്കേടാണെന്ന് മീനാക്ഷി ലേഖി എം പി . ഇരയോട് പോലീസുകാർ കാണിച്ച സമീപനം അത്യന്തം അപലപനീയമാണെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ദേശീയ വനിത കമ്മീഷനയച്ച കത്തിലാണ് മീനാക്ഷി ലേഖിയുടെ പരാമർശം.
കേസിൽ ആരോപിതനായ ആൾ നഗര സഭാംഗവും സി പി എം നേതാവുമാണ് .യുവതിയെ സംരക്ഷിക്കേണ്ട ഭരണകൂടത്തിന് അതിനു കഴിയാതെ പോയ സാഹചര്യത്തിൽ വനിത കമ്മീഷൻ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ലേഖി ആവശ്യപ്പെട്ടത് . പോലീസുകാരുടെ ഇരയോടുള്ള പെരുമാറ്റവും മൊഴി തിരുത്തിച്ചതും ലേഖി കത്തിൽ പരാമർശിച്ചിട്ടുണ്ട്.
ലേഖിയുടെ കത്തിനെത്തുടർന്ന് ഇന്നലെ ദേശീയ വനിത കമ്മീഷൻ വിഷയത്തിൽ കേസെടുത്തു. ഇരയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ല സെക്രട്ടറി കെ രാധാകൃഷ്ണനോട് കമ്മീഷൻ വിശദീകരണം ചോദിച്ചേക്കും .