തിരുവനന്തപുരം: കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷപരിപാടികളിൽ നിന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇക്കാര്യങ്ങൾ വ്യക്തമാക്കി സ്പീക്കർ ഗവർണർക്ക് കത്ത് നൽകി. ആഘോഷപരിപാടികളിൽ നിന്ന് ഗവർണറെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. വിഷയത്തിൽ ഗവർണറുടെ അതൃപ്തി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ ആണെന്നും സ്പീക്കർ വ്യക്തമാക്കി.
ബോധപൂര്‍വ്വം ഒഴിവാക്കിയതല്ല. വജ്രജൂബിലിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ സമാപനചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടിയിലോ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പീക്കര്‍ കത്തില്‍ പറയുന്നു.
നേരത്തെ കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങളിൽ നിന്ന് ഗവർണറെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. പരിപാടിയിൽ ക്ഷണമില്ലാതിരുന്ന സ്പീക്കർ ചെന്നൈക്ക് പോവുകയായിരുന്നു. ഗവർണർക്ക് പുറമെ മുൻ മുഖ്യമന്ത്രി എകെ ആന്റണി അടക്കമുള്ളവരെ ക്ഷണിക്കാതിരുന്നതും വിവാദമായിരുന്നു.