കോട്ടയം: കോട്ടയം രാമപുരത്ത് പാറമടയ്ക്ക് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു. കോട്ടമലയില്‍ പാറമടയ്ക്ക് അനുമതി നല്കാന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. പാറമടയ്ക്കെതിരായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി.
രാമപുരം കോട്ടമലയില്‍ പാറമടയ്ക്ക് ലൈസന്‍സ് അനുവദിച്ചതിനെതിരെ ഏറെ നാളായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ രാജി വച്ചത്. ബൈജു ജോണ്‍ അടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സമരസമിതി രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ തിടുക്കപ്പെട്ട് ലൈസന്‍സ് നല്‍കിയത് മുതലാണ് ബൈജു ജോണിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്.
തുടക്കത്തില്‍ പാറമടവിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബൈജു ജോണ്‍ ഒരു സുപ്രഭാതത്തില്‍ സമരത്തിന് എതിരായത് പാറമട ലോബിയുടെ സ്വാധീനത്തിന് വഴങ്ങിയാണ്. ഇതിനു പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് സമരസമിതി നേതാവും കുറിഞ്ഞി പള്ളി വികാരിയുമായ ഫാദര്‍ തോമസ് അയലക്കുന്നേല്‍ ആരോപിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയോടെ പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നും ലൈസന്‍സ് റദ്ദാക്കുകയാണ് തങ്ങളുടെ ആവശ്യമെന്നും സമരസമിതി അറിയിച്ചു. പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ രാജി.