NewsIndia

കശ്മീരില്‍ സ്‌കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം

ശ്രീനഗര്‍: കശ്മീരില്‍ കുട്ടികള്‍ക്ക് സമാന്തര വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം. സംഘര്‍ഷം മൂലം താഴ്‌വരയിലെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗത്ത് കശ്മീരില്‍ സ്‌കൂള്‍ ചലോ പദ്ധതി വ്യാപകമാക്കാന്‍ സൈന്യം ഒരുങ്ങുന്നത്. ഓരോ പ്രദേശങ്ങളിലും കുട്ടികളെ കണ്ടെത്തി പഠന, പാഠ്യേതര വിഷയങ്ങളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നതാണ് പദ്ധതി.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ ഒന്‍പതിന് താഴ്‌വരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിഘടനവാദികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയായിരുന്നു. സുരക്ഷാ സേനയുടെ ഇടപെടല്‍ മൂലം സംഘര്‍ഷത്തിന് ശമനം ഉണ്ടായെങ്കിലും സ്‌കൂളുകള്‍ക്കെതിരായ അക്രമം ഇപ്പോഴും തുടരുകയാണ്. മുപ്പതോളം സ്‌കൂളുകള്‍ അക്രമികള്‍ ഇതുവരെ അഗ്നിക്കിരയാക്കിക്കഴിഞ്ഞു.

ഇതിനിടെ വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുന്നതിനെതിരേ വിദ്യാര്‍ഥികളും രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കുട്ടികള്‍ നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകാന്‍ സാദ്ധ്യത ഉളളതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അദ്ധ്യയനവര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പാഠഭാഗങ്ങള്‍ പകുതി പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല.

അതിനിടെ സ്‌കൂളുകള്‍ ലക്ഷ്യമിട്ട് മാത്രമുളള അക്രമം കൂടിയായപ്പോള്‍ ഭാവിയെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ചലോ ഓപ്പറേഷന്‍ വ്യാപകമാക്കാന്‍ സൈന്യം തീരുമാനിച്ചത്. സൈനികന്‍ എന്ന ഉത്തരവാദിത്വത്തോടൊപ്പം പിതാവ് എന്ന രീതിയിലും ചിന്തിച്ചതിനാലാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്ന് വിക്ടര്‍ ഫോഴസ് ജനറല്‍ ഓഫീസര്‍ ഇന്‍ കമാന്‍ഡ് മേജര്‍ ജനറല്‍ അശോക് നറൂല പറഞ്ഞു.

ഓരോ പ്രദേശങ്ങളിലും അവിടെ തന്നെയുളള അദ്ധ്യാപകരെ കണ്ടെത്തി കമ്മ്യൂണിറ്റി സെന്ററുകളിലോ മറ്റേതെങ്കിലും കേന്ദ്രത്തിലോ വെച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കും. പണമോ പ്രശസ്തിയോ അല്ല, എനിക്ക് വേണ്ടത് പുസ്തകങ്ങളും വിദ്യാലയവുമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പഠനത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനായി നേരത്തെ തന്നെ സൈന്യം ആവിഷ്‌കരിച്ച പദ്ധതിയാണിത്. പുതിയ സാഹചര്യത്തില്‍ അത് വ്യാപകമാക്കുകയായിരുന്നു.

പഠനകേന്ദ്രങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ മടിക്കുന്ന രക്ഷിതാക്കളെ കണ്ട് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. താഴ് വരയില്‍ വിജയകരമായി നടപ്പാക്കിയ ഓപ്പറേഷന്‍ കാം ഡൗണ്‍ നു ശേഷമാണ് പുതിയ പദ്ധതിയുമായി സൈന്യം രംഗത്തെത്തിയത്. കുറഞ്ഞ സേനയെ ഉപയോഗിച്ച് താഴ് വരെ തീവ്രവാദമുക്തമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷന്‍ കാം ഡൗണ്‍ ആവിഷ്‌കരിച്ചത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close