ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ എണ്‍പത് ശതമാനവും അവിടുത്തെ മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നാണ് സംഭവിക്കുന്നതെന്നും അയല്‍സംസ്ഥാനങ്ങളെ പഴിചാരിയിട്ട് കാര്യമില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെ. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. നഗരവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയ പുകമഞ്ഞിന് കാരണം അയല്‍സംസ്ഥാനങ്ങള്‍ ആണെന്ന കെജ് രിവാളിന്റെയും എഎപി നേതാക്കളുടെയും ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം മാത്രമാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുളള പങ്ക്. വെറുതെ പഴിചാരല്‍ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും മറ്റ് സംസ്ഥാനങ്ങളെ പഴിചാരുന്നതിലൂടെ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമമാണ് പുറത്തുവരുന്നതെന്നും അനില്‍ മാധവ് ധവെ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രം സഹായിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്നും ഈ പഴിചാരല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ മാലിന്യം നീക്കാത്തതിന്റെ പേരില്‍ കോടതിയില്‍ നിന്ന് പോലും കെജ്രിവാള് സര്‍ക്കാരിന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമായതോടെ അന്തരീക്ഷ മലിനീകരണത്തിന് കാരണം അയല്സംസ്ഥാനങ്ങളാണെന്ന പ്രസ്താവനയുമായി ആം ആദ്മി നേതാക്കളും സര്‍ക്കാരും രംഗത്തെത്തുകയായിരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വയലുകളില്‍ വിളവെടുപ്പിന് ശേഷം പുല്ല് കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്നാണ് കെജ്രിവാളിന്റെയും ഡല്‍ഹിയിലെ മറ്റ് മന്ത്രിമാരുടെയും ആരോപണം.
ഡല്‍ഹിയില്‍ വിഷപ്പുകയാണെന്ന് ആരോപിച്ച് ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് പതിവ് പഴിചാരല്‍ നാടകവുമായി കെജ്രിവാളും കൂട്ടരും രംഗത്തെത്തിയത്. കെജ്രിവാളിന്റെ ആരോപണം പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും നേരത്തെ നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് മികച്ച ഉപകരണങ്ങളാണ് കൃഷിക്കായി നല്‍കിയിരിക്കുന്നതെന്നും മികച്ച രീതിയില്‍ വിളവെടുപ്പിനുളള സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കെജ്രിവാളിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പ്രകാശ് സിംഗ് ബാദല്‍ വ്യക്തമാക്കി.