വയനാട്: സംസ്ഥാനത്തെ പട്ടിക വർഗ്ഗക്കാരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി ക്രമക്കേട് നടത്തിയതായി ആക്ഷേപം. ജയലക്ഷ്മിയുടെ മുഴുവൻ ബന്ധുക്കളുടെയും കടം പദ്ധതിയിലൂടെ എഴുതി തള്ളി. ഇതിൽ പ്രതിഷേധിച്ച് യുവമോർച്ച തിങ്കളാഴ്ച വയനാട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പട്ടിക വർഗ്ഗക്കാർക്ക് 2010 വരെയുള്ള ലോണുകൾക്ക് കടാശ്വാസം നൽകികൊണ്ട് നടത്തിയ ബജറ്റ് പ്രഖ്യാപനം മന്ത്രി സഭായോഗത്തിൽ തിരുത്തിച്ചാണ് അഴിമതി നടത്തിയത്. ബജറ്റ് പ്രഖ്യാപനത്തിൽ 2010 എന്നുള്ളത് തിരുത്തി 2014 മാർച്ച് വരെയാക്കി. തുടർന്ന് 2014 മാർച്ച് 31 ന് മുൻപ് കുടിശ്ശികയായതും സർക്കാർ ശമ്പളം പറ്റാത്തതുമായ പട്ടിക വർഗ്ഗക്കാരുടെ ഒരു ലക്ഷത്തിൽ താഴെയുള്ള ലോണുകൾ പദ്ധതി പ്രകാരം എഴുതി തള്ളാം എന്ന് പ്രഖ്യാപിച്ചു.
കൂടാതെ ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ ഈ നിബന്ധനകളെല്ലാം അട്ടിമറിച്ചാണ് പി കെ ജയലക്ഷ്മി തന്റെ കുടുംബക്കാർക്ക് കടാശ്വാസ പദ്ധതി പ്രകാരം വകയിരുത്തിയ പണം വിതരണം ചെയ്തത്. കടാശ്വാസ പദ്ധതിക്കായി രണ്ടുകോടി ബജറ്റില്‍ വകയിരുത്തിയപ്പോള്‍ മാനന്തവാടിയില്‍ മാത്രം രണ്ടു ഘട്ടങ്ങളായി നല്‍കിയത് 2,69 82431 രൂപയാണ്. ഇതില്‍ ഒന്നരകോടിയിലധികം നല്‍കിയിരിക്കുന്നത് അന്ന് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയുടെ ബന്ധുക്കള്‍ക്കാണ്.
ബന്ധുക്കൾക്ക് പണം വാങ്ങിക്കൊടുക്കാൻ ബജറ്റുപോലും അട്ടിമറിച്ച ജയലക്ഷ്മിക്കെതിരെ അഴിമതി വിരുദ്ധ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച വയനാട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും.