ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സോണിയാഗാന്ധിയുടെ അഭാവത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിലാണ് അംഗങ്ങള്‍ രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാവിലെ രാഹുലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
രാഹുല്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് കടന്നുവരണമെന്ന ആവശ്യം എ.കെ ആന്റണിയാണ് അവതരിപ്പിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി കൂടിയായ മന്മോഹന് സിംഗ് നിര്‍ദ്ദേശത്തെ പിന്താങ്ങി. യോഗത്തിലുണ്ടായിരുന്ന ഭൂരിപക്ഷം അംഗങ്ങളും ഇക്കാര്യത്തില്‍ അനുകൂല നിലപാടായിരുന്നു. എന്നാല്‍ രാഹുല്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല. പാര്‍ട്ടി പറഞ്ഞാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രതികരണം.
സുഖമില്ലാത്തതിനാലാണ് സോണിയാഗാന്ധി പ്രവര്‍ത്തക സമിതിയില്‍ നിന്ന് വിട്ടുനിന്നത്. യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പതിവുപോലെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തുറന്ന് കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജനാധിപത്യം അതിന്റെ ഇരുണ്ട മണിക്കൂറിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനെതിരേ ശബ്്ദിക്കുന്നവരെ സര്‍ക്കാര്‍ നിശബ്ദരാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.