കുമരകം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തെ ഹൗസ് ബോട്ടുകളുടെ കിടമത്സരം സ്ഥലത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് മരണക്കെണിയാകുന്നു. പരാതിപ്പെട്ടാൽ നടപടിയെടുക്കാൻ പോലും തയ്യാറാകാതെ പൊലീസ് കണ്ണടയ്‌ക്കുമ്പോൾ സംഘടിതരായ ഡ്രൈവർമാരും, ഗുണ്ടകളും പരാതി എഴുതി നൽകാൻ പോലും അനുവദിക്കാതെ വിനോദസഞ്ചാരികളെ വലയ്‌ക്കുന്നു. അത്തരത്തിലൊന്നാണ് ഞായറാഴ്ച കുമരകത്ത് സംഭവിച്ചത്.
കോയമ്പത്തൂരിൽ നിന്നു വന്ന മിനിയുടെ ആറംഗ കുടുംബം സഞ്ചരിച്ച യാത്രാബോട്ടിൽ ഹൗസ്‌ബോട്ട് മനഃപ്പൂർവ്വം കൊണ്ടുവന്നിടിക്കുകയായിരുന്നു. ഹൗസ് ബോട്ട് ഡ്രൈവറും യാത്രക്കാരും മദ്യലഹരിയിലായിരുന്നുവെന്നു പറയപ്പെടുന്നു. യാത്രാബോട്ടിനെ പിന്തുടർന്നു വന്ന ശേഷം ഹൗസ് ബോട്ട് അഭിമുഖമായി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിനു ശേഷം കരയിലെത്തിയ മിനി കുമരകത്തെ ടൂറിസം പൊലീസിനോടു പരാതിപ്പെട്ടെങ്കിലും തണുത്ത പ്രതികരണമായിരുന്നു. പരാതി എഴുതി നൽകുന്നതിൽ നിന്നും സംഘടിച്ചെത്തിയ ഡ്രൈവർമാരും പിന്തിരിപ്പിച്ചു.
ബോട്ടപകടങ്ങൾ തുടർക്കഥയാകുന്ന കുമരകത്ത് ടൂറിസം പൊലീസും ബോട്ടുടമകളും തമ്മിലുളള അവിശുദ്ധ ബന്ധം കൂടി വെളിവാക്കുന്ന സംഭവമാണ് ഞായറാഴ്ച നടന്നത്. വൻ ദുരന്തം തലനാരിഴയ്‌ക്ക് ഒഴിവാകുകയായിരുന്നു. ടൂറിസം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെങ്കിൽ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ ഒഴുകുന്ന കുമരകത്ത് ഇതു പോലുള്ള തീരാക്കളങ്കങ്ങൾ ആവർത്തിക്കും. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ മികച്ച ബാക്ക് വാട്ടർ ടൂറിസം രംഗമായ കുമരകത്തെ പിന്നോട്ടടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.