ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് 5 മണിക്കാണ് വോട്ടെടുപ്പ്. നാളെ രാവിലെ ഏഴോടെ വോട്ടിംഗ് അവസാനിക്കും. ആദ്യ ഫല സൂചനകൾ നാളെ രാവിലെ 11 മണിയോടുകൂടി പുറത്തുവരും. അവസാനം പുറത്തുവന്ന സര്‍വേകളില്‍ ട്രംപിനേക്കാള്‍ മുന്‍തൂക്കം ഹിലരിയ്‌ക്കാണ്.
എന്തായാലും ഫലം പ്രവചനാതീതമാണ്. ട്രംപിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളും ഹിലരിക്കതിരായ ഇ-മെയില്‍ വിവാദത്തില്‍ എഫ്ബിഐ അന്വേഷണവുമാണ് പ്രചാരണത്തെ മാറ്റിമറിച്ചത്.
ആകെ 22.58 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 4.2 കോടി പേര്‍ ഞായറാഴ്ചയോടെ വോട്ട് ചെയ്തു. നേരത്തേ വോട്ട് ചെയ്യാന്‍ ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ കാണിച്ച ഉത്സാഹം ഹിലരി ക്യാമ്പില്‍ സന്തോഷം പടര്‍ത്തുന്നു. 2.73 കോടിയാണ് ലാറ്റിനോ വോട്ടര്‍മാര്‍. വെള്ളക്കാരായ തൊഴിലാളികളിലും വൃദ്ധരിലും പുരുഷന്മാരിലുമാണ് ട്രംപിന്റെ പ്രതീക്ഷ.