ആഗോള ഭീകര സംഘടനയായ ഐഎസിനെ ഭാരതം ഇനി ഔദ്യോഗികമായി “ദായേഷ് ” എന്നാകും വിളിക്കുക. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾക്കും, രഹസ്യാന്വേഷണ ഏജന്‍സികൾക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗിക രേഖകളിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്നും ഐഎസ് എന്നും സ്വയം വിളിക്കുന്ന ഭീകരസംഘടനയെ “ദായേഷ്”എന്നാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഗൾഫ് മേഖലകളിൽ ഐഎസ് അറിയപ്പെടുന്നത് ദായേഷ് എന്നാണ്.
അൽ ദവാ അൽ ഇസ്ലമിയ അൽ ഇറാക്ക് വാ അൽഷം എന്നതിന്റെ ചുരുക്കപ്പേരാണ് ദായേഷ് . അതിരുകളില്ലാത്ത ലോകത്തെ എല്ലാ മുസ്ലീമുകളെയും പ്രതിനിധീകരിക്കുന്നു എന്ന് ധ്വനിപ്പിക്കുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന സ്വയം പ്രഖ്യാപിത പേര്. അതുകൊണ്ടാണ് ഐഎസ്സിന്റെ വിളിപ്പേര് ഇന്ത്യന്‍ രേഖകളിൽ ഔദ്യോഗികമായി മാറ്റാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾക്കും, NIA പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികൾക്കും ഐഎസ്സിനെ ഇനി ഔദ്യോഗികമായി ദായേഷ് എന്ന് വിളിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടനയുടെ പ്രവർത്തകരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടിയിരുന്നു. ഒടുവിലത്തെ അറസ്റ്റ് കേരളത്തിലും തമിഴ്നാട്ടിലുമാണ് നടന്നത്.
കേരളത്തിലെ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും ജഡ്ജിമാരെയും ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് NIA അന്വേഷണം നടത്തിവരികയാണ്.