തിരുവനന്തപുരം: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ച സാഹചര്യത്തിൽ പുതിയ 2000ത്തിന്റെയും, 500ന്റെയും കറൻസികൾ ബാങ്കുകളിൽ എത്തിത്തുടങ്ങി. ഇത് വ്യാഴാഴ്ച മുതൽ വിതരണം ആരംഭിച്ചേക്കുമെന്നാണ് സൂചന.
തുടക്കത്തിൽ പുതുതായി പുറത്തിറക്കിയ 2000ത്തിന്റെ കറൻസികളാകും വിതരണം ചെയ്തു തുടങ്ങുകയെന്നാണ് സൂചന. 500 രൂപ നോട്ടുകൾ പഴയവ ബാങ്കിൽ തിരിച്ചെത്തുന്നതിനനുസരിച്ച് വിതരണം ചെയ്യുകയാവും ചെയ്യുക. കറൻസികൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുതിയ കറൻസികൾ ബാങ്കുകളിൽ എത്തിക്കുന്നതിനുളള പ്രവർത്തനം നേരത്തേ തന്നെ ആരംഭിച്ചിരുന്നതായാണ് വിവരം.
അതേസമയം, ഇന്നലെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു കൊണ്ടുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ പെട്രോൾപമ്പുകളിലും, എ.ടി.എമ്മുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട ക്യൂ കാണാമായിരുന്നു. എ.ടി.എം കൗണ്ടറുകളിലും രാത്രി വൈകിയും പണം പിൻവലിക്കാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.