ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിജയം തുറന്ന മനസോടെ അംഗീകരിക്കണമെന്ന് ഹില്ലരി ക്ലിന്റണ്. ന്യൂയോര്‍ക്കില്‍ അനുയായികളെ അഭിസംബോധന ചെയ്യവേയായിരുന്നു ഹില്ലരിയുടെ പ്രതികരണം. ട്രംപ് നേടിയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചതായും രാജ്യത്തിനായി ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയതായും ഹില്ലരി പറഞ്ഞു.
അമേരിക്കയുടെ മികച്ച പ്രസിഡന്റായി മാറാന്‍ ഡൊണാള്‍ഡ് ട്രംപിന് കഴിയട്ടെയെന്ന് ഹില്ലരി ആശംസിച്ചു. രാജ്യത്തിന് വേണ്ടി മുറുകെപ്പിടിക്കുന്ന മൂല്യവും വീക്ഷണങ്ങളുമാണ് നമ്മള് പങ്കുവെച്ചത്. നമ്മള് കഠിനപ്രയത്നം ചെയ്തത് ഒരിക്കലും ഇതിനായിരുന്നില്ല. പക്ഷെ വിജയിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നതായും ഹില്ലരി അനുയായികളോട് പറഞ്ഞു.
2008 ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ പരാജയപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിലെ വാക്കുകളും ഹില്ലരി ആവര്‍ത്തിച്ചു. തന്റെ പ്രസംഗം കാണുന്ന കൊച്ചുപെണ്‍കുട്ടികള്‍ അവരുടെ വിലയും ശക്തിയും മനസിലാക്കണമെന്നും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ലോകത്തുളള ഓരോ അവസരവും ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.
ഭരണഘടനാപരമായ ജനാധിപത്യം സുഗമമായ അധികാര കൈമാറ്റത്തിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അതിനെ മാനിക്കണമെന്നും വിലപ്പെട്ടതായി കരുതണമെന്നും അവര്‍ പറഞ്ഞു.