മുംബൈ: എസ്.ബി.ഐ എ.ടി.എമ്മുകൾ വഴി ആവശ്യത്തിനു 100 രൂപ കറൻസികൾ ലഭ്യമാക്കുമെന്ന് എസ്.ബി.ഐ ചെയർ പേഴ്സൺ അരുന്ധതി ഭട്ടാചാര്യ. നിലവിൽ കൗണ്ടറുകളിൽ ഉണ്ടായേക്കാവുന്ന തിരക്കുകൾ നിയന്ത്രിക്കുന്നതിനുളള ഒരുക്കങ്ങൾ പൂർത്തിയായതായും ഭട്ടാചാര്യ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2000 രൂപ കറൻസികൾ ബാങ്ക് കൗണ്ടർ വഴിയാകും തുടക്കത്തിൽ വിതരണം ചെയ്യുക. ആവശ്യത്തിനുളള 2000 രൂപ കറൻസികൾ ഇപ്പോൾ ബാങ്കിൽ സ്റ്റോക്കില്ലെങ്കിലും, 100 രൂപ കറൻസികൾ പര്യാപ്തമാണെന്നും ഭട്ടാചാര്യ വ്യക്തമാക്കി. എസ്.ബി.ഐക്ക് ഇനിയും ആവശ്യമുളള 2000 കറൻസികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അതിന്റെ തുകയെത്രയെന്നത് വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ലെന്നും അവർ പറഞ്ഞു.
ജനങ്ങൾക്ക് സ്വന്തം അക്കൗണ്ടിലേയ്‌ക്ക് എപ്പോൾ വേണമെങ്കിലും പഴയ കറൻസികൾ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. നിക്ഷേപിക്കാവുന്ന തുക സംബന്ധിച്ച് പരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം മാറ്റി വാങ്ങാൻ ആണെങ്കിൽ 4,000 രൂപ വരെ ഒരു സമയം മാറ്റി വാങ്ങാവുന്നതാണെന്നും അരുന്ധതി ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
വെളളിയാഴ്ച മുതൽ ബാങ്ക് എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങുമെന്നും, എ.ടി.എം മെഷീനുകളിൽ കറൻസികൾ ലോഡ് ചെയ്യുന്നതും, പുതിയ മാറ്റത്തിന് ആനുപാതികമായി മെഷീൻ കോൺഫിഗർ ചെയ്യുന്നതുമായ പ്രവർത്തികൾ ഏകദേശം പൂർണ്ണമായതായും അവർ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കുന്നതാണെന്നു വ്യക്തമാക്കിയ ഭട്ടാചാര്യ, മറ്റു പ്രവർത്തി ദിവസങ്ങളിലും അധിക സമയം ബാങ്ക് തുറന്നിരിക്കുന്നതാണെന്നും അടുത്ത ആഴ്ചയിൽ തിരക്കു നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ അധികപ്രവർത്തിസമയം തുടരുമെന്നും വ്യക്തമാക്കി.