തിരുവനന്തപുരം: മാറാട് കൂട്ടക്കൊല കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം കൊല്ലപ്പെട്ടവർക്കുള്ള തിലോദകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിരപരാധികളെ കൊന്നു തള്ളിയതിന് പിന്നിലുളള ഗൂഡാലോചനയും സാമ്പത്തിക സ്രോതസ്സും അന്താരാഷ്‌ട്ര ബന്ധവുമൊക്കെ അന്വേഷിക്കണമെന്നുള്ള ഏറക്കാലത്തെ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ഇത് ജനകീയ പ്രക്ഷോഭത്തിന്‍റെ ഉജ്വല വിജയമാണ്. മാറിമാറി ഭരിച്ച ഇരുമുന്നണികളും ഇതിനോട് മുഖം തിരിക്കുകയായിരുന്നു. സ്വന്തം മുന്നണിയിലെ ഉന്നത നേതാക്കളുടെ പേര് പുറത്തു വരുമെന്ന ഭീതിയിലാണ് ഈ ആവശ്യം അവര്‍ നിരാകരിച്ചത്. എന്നാൽ നീതി പീഠം ഇത് അംഗീകരിച്ചതോടെ സത്യം പുറത്തു വരുമെന്ന പ്രത്യാശ ഉണ്ടായിരിക്കുകയാണ്.
കൂട്ടക്കൊലയെപ്പറ്റി അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനും കേസ് പരിഗണിച്ച ഹൈക്കോടതിയും സംഭവത്തെപ്പറ്റി ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാൻ രൂപീകരിച്ച ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ പകരം സംവിധാനം ഏർപ്പെടുത്താതെ തന്നെ പിരിച്ചു വിടുകയായിരുന്നു.
സിബിഐ അന്വേഷണം കൊണ്ട് സംഭവത്തിനു പിന്നിലുള്ള തീവ്രവാദ ബന്ധം പുറത്തു വരുമെന്നാണ് കരുതുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.