ന്യൂഡൽഹി: സൗമ്യവധക്കേസിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു നാളെ സുപ്രീം കോടതിയിൽ ഹാജരാകും. സുപ്രീം കോടതി വിധിയെ സംബന്ധിച്ച് കട്‌ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഹർജ്ജിയായി സ്വീകരിച്ച സുപ്രീം കോടതി, കട്‌ജു കോടതിയിൽ നേരിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജിയുടെ അഭിപ്രായത്തെ ഗൗരവമായി കാണുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നേരിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചത്.
കേസിൽ സുപ്രീം കോടതിയുടെ വിധിയിൽ പിഴവുകളുണ്ടെന്ന തന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നതായി കട്‌ജു പറഞ്ഞു. ജഡ്‌ജിമാർക്കും പിഴവുകൾ സംഭവിക്കാം. വിധി പുനഃപ്പരിശോധിയ്‌ക്കുന്നതിൽ ഈഗോയുടെ ആവശ്യമില്ല. കേസ് വിശാലബഞ്ചിന്റെ പരിഗണനയ്‌ക്കു വിടുകയും, തെറ്റു പറ്റിയാൽ തിരുത്താൻ ജഡ്ജിമാർ തയ്യാറാവുകയും വേണമെന്ന് കട്‌ജു പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് കട്‌ജു കോടതിയിൽ ഹാജരാകുക. കേസിലെ സുപ്രീംകോടതിയുടെ വിധി സംസ്ഥാനസർക്കാരിനെതിരേ വൻ വിമർശനങ്ങൾക്കു വഴി വച്ചിരുന്നു. തന്റെ മകൾക്കു നീതി ലഭിച്ചില്ലെന്നായിരുന്നു സൗമ്യയുടെ അമ്മ സുമതിയുടെ പ്രതികരണം.