ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വസ്ത്രനിര്‍മാണ ഫാക്ടറിക്ക് തീപിടിച്ച് 12 മരണം. ഗാസിയാബാദിലെ സഹീബാബാദിലുളള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ദുരന്തം.
12 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. നിരവധി പേര്‍ക്ക് പൊളളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഏറെക്കുറെ പൂര്‍ണമായി തീ പടര്‍ന്നു. ഇവിടെ ഉറങ്ങിക്കിടന്നവരാണ് അപകടത്തിന് ഇരയായതെന്നാണ് വിവരം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. താമസത്തിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ അനധികൃതമായിട്ടാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ നല്‍കുന്ന വിവരം. തീപിടുത്തമുണ്ടായാല്‍ നേരിടാനുളള സംവിധാനങ്ങളൊന്നും കെട്ടിടത്തില്‍ ഒരുക്കിയിട്ടില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.