തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമീപകാലത്ത് സിപിഎമ്മിനെതിരേ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണം നല്‍കി പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോടിയേരി സക്കീര്‍ ഹുസൈനെ ന്യായീകരിക്കുന്നത്.
സക്കീര്‍ ഹുസൈനെതിരേ 14 ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്നും ഇയാളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും മാദ്ധ്യമങ്ങളും ചില രാഷ്‌ട്രീയ നേതാക്കളും പ്രചാരണം നടത്തുകയാണെന്നും സിപിഎമ്മിനെ വികൃതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തതിന് യുഡിഎഫ് ഭരണകാലത്ത് രാഷ്‌ട്രീയമായി ചുമത്തപ്പെട്ടവയാണ് ഈ കേസുകള്‍. യുഡിഎഫിന്റെ തോന്ന്യാസഭരണത്തിന്റെ ഭാഗമായാണ് സക്കീര്‍ ഹുസൈനെ 14 കേസുകളില്‍ പ്രതിയാക്കിയതെന്നും കോടിയേരി ലേഖനത്തില്‍ ആരോപിക്കുന്നു.
സക്കീര്‍ ഹുസൈന്‍ കളമശേരി പൊലീസ് സ്റ്റേഷനിലെ റൗഡി പശ്ചാത്തലമുളളവരുടെ പട്ടികയില്‍പെട്ട ആളാണെന്ന് പൊലീസ് ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വസ്തുതകള്‍ പൊലീസ് കോടതിയില്‍ ബോധിപ്പിച്ചത്. കളമശേരി പൊലീസ് സ്റ്റേഷനില്‍ പതിനൊന്നും തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നാലും ഉള്‍പ്പെടെ പതിനഞ്ച് കേസുകളില്‍ സക്കീര്‍ ഹുസൈന്‍ പ്രതിയാണെന്നും പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
യുവതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കറുകപ്പിളളി സിദ്ദിഖ് പാര്‍ട്ടി അംഗമല്ലെന്നും പാര്‍ട്ടിയുടെയും ബഹുജനസംഘടനകളുടെയും പല പരിപാടികളിലും അനുഭാവിയെന്ന നിലയില്‍ പങ്കെടുക്കുക മാത്രമാണ് ഇയാള്‍ ചെയ്തിട്ടുളളതെന്നും കോടിയേരി ലേഖനത്തില്‍ വിശദീകരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും ആക്ഷേപപ്പുക പരത്താനുളള ആയുധങ്ങളാക്കി സമീപസമയത്ത് ഉയര്‍ന്നുവന്ന ഏതാനും ആക്ഷേപങ്ങളെ ഉപയോഗിക്കുകയാണെന്നും ഇത്തരം ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
വെണ്ണല സ്വദേശി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് സക്കീര്‍ ഹുസൈനെതിരേ കേസെടുത്തത്. കൂട്ടുബിസിനസുമായി ബന്ധപ്പെട്ട് ജൂബി പൗലോസും മറ്റൊരാളുമായി ഉണ്ടായ തര്‍ക്കത്തില്‍ സക്കീര്‍ ഹുസൈന്‍ ഇടപെടുകയായിരുന്നു. ഗുണ്ടാപ്രവര്‍ത്തനം തടയാന്‍ രൂപീകരിച്ച സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.