തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളുടെ ഭാഗമായി രണ്ട് ദിവസമായി അടച്ചിട്ടിരുന്ന എടിഎമ്മുകള്‍ ഭാഗീകമായി പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ ബാങ്കുകള്‍ നേരിട്ട് പണം നിറയ്‌ക്കുന്ന എടിഎമ്മുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഏജന്‍സികളിലൂടെ പണം നിറയ്‌ക്കുന്ന എടിഎമ്മുകള്‍ നാളെയോടെ മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കൂവെന്നാണ് വിവരം.
100 രൂപയും 50 രൂപയുമാണ് എടിഎമ്മുകള്‍ വഴി ലഭ്യമാക്കുന്നത്. ഈ നോട്ടുകളുടെ ക്ഷാമമാണ് കൂടുതല്‍ എടിഎമ്മുകളില്‍ പണം നിറയ്‌ക്കുന്നതിന് തടസമായത്. പുതിയ 2000 രൂപ ഉള്‍ക്കൊള്ളിക്കാനുളള സാങ്കേതിക വിദ്യ നിലവില്‍ എടിഎമ്മുകളില്‍ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. രാവിലെ മുതല്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ കാണാമായിരുന്നു. പണം പിന്‍വലിക്കാന്‍ ആളുകള്‍ തിക്കി തിരക്കിയതോടെ മിക്ക എടിഎമ്മുകളും പെട്ടന്ന് കാലിയാകുകയും ചെയ്തു.
കൊച്ചിയില്‍ പുതുതലമുറ ബാങ്കുകളുടെ എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഏജന്‍സികളെ ഉപയോഗിച്ച് പണം നിറയ്‌ക്കുന്നതിനാല്‍ എസ്ബിഐയുടെ മിക്ക എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനുളള നടപടികള്‍ സ്വീകരിച്ചതായും ഉച്ചയ്‌ക്ക് ശേഷം മുഴുവന്‍ എടിഎമ്മുകളിലും പണം നിറച്ചു തുടങ്ങുമെന്നുമാണ് ബാങ്കുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ ബാങ്കുകള്‍ തുറന്നതോടെ പഴയ നോട്ടുകള്‍ മാറാന്‍ ആളുകളുടെ തിരക്കായിരുന്നു. എത്തിച്ച 100 ന്റെയും 50 ന്റെയും നോട്ടുകള്‍ ഇന്നലെ തന്നെ ഏറെക്കുറെ തീരുകയും ചെയ്തു. എടിഎമ്മുകളില്‍ കൂടി തിരക്കേറിയതോടെ ആവശ്യമനുസരിച്ച് ഇവയില്‍ നിറയ്‌ക്കാനുളള നോട്ടുകളുടെ ക്ഷാമം രൂക്ഷമാകുകയായിരുന്നു.