ന്യൂഡൽഹി: സൗമ്യ വധത്തിൽ പുനഃപ്പരിശോധന ആവശ്യപ്പെട്ടുകൊണ്ട് സൗമ്യയുടെ അമ്മയും, സർക്കാരും സമർപ്പിച്ച പുനഃപ്പരിശോധനാഹർജ്ജി സുപ്രീം കോടതി തളളി. ഇതിനിടെ നാടകീയരംഗങ്ങൾക്കാണ് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്.
ചാർളി തോമസിന്റെ വധശിക്ഷ റദ്ദു ചെയ്തതിനെതിരേ മുൻ സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജുവിന്റെ ഫേസ് ബുക്ക് പോസ്റ്റും ഒരു ഹർജ്ജിയായി കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ചാർളി തോമസ് എന്തുകൊണ്ട് വധശിക്ഷയ്‌ക്കർഹനാണെന്ന് മാർക്കണ്ഡേയ കട്‌ജുവും, സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും കോടതിയിൽ വിശദീകരിച്ചുവെങ്കിലും കോടതി ഇതംഗീകരിച്ചില്ല.
വാദം കേട്ട കോടതി, ഹർജ്ജി പുനഃപരിശോധിക്കാൻ തക്കതായ കാരണങ്ങളൊന്നും കോടതിക്കു ബോദ്ധ്യമായിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ഹർജ്ജി തളളിയ കോടതി പൊതുസമൂഹത്തിൽ കോടതിയെയും, ജഡ്ജിമാരെയും അപമാനിച്ചതിന് മാർക്കണ്ഡേയ കട്‌ജുവിനെതിരേ കേസെടുക്കാനും നിർദ്ദേശിച്ചു.
ഇതേത്തുടർന്ന് കട്‌ജു, വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുമായി വാഗ്വാദത്തിലേർപ്പെടുകയായിരുന്നു. താൻ ജഡ്ജിമാരെയല്ല, മറിച്ച് തന്നെ ജഡ്ജിമാരാണ് അപമാനിക്കുന്നതെന്നു പറഞ്ഞ കട്‌ജു, ഇത്തരം നടപടികളെ താൻ ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. വിധിയെ വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്ന നിലപാടാണ് കട്‌ജു സ്വീകരിച്ചത്.
തുടർന്ന് കട്‌ജുവിനെ കോടതിമുറിയിൽ നിന്നു പുറത്തു കൊണ്ടു പോകുവാൻ കോടതിയിലെ സുരക്ഷാജീവനക്കാരോട് ജഡ്ജി ഉത്തരവിടുകയായിരുന്നു.
അതേസമയം പുനഃപ്പരിശോധനാഹർജ്ജി തളളിക്കൊണ്ടുളള സുപ്രീം കോടതി വിധി നിരാശാജനകമാണെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. തന്റെ മകൾക്ക് നീതി കിട്ടിയില്ലെന്നും അവർ പറഞ്ഞു. താൻ സുപ്രീം കോടതിയിൽ നിന്നു നീതി പ്രതീക്ഷിച്ചിരുന്നു. റിട്ടയേർഡ് ആയ ഒരു ജഡ്ജി വന്ന് തന്റെ മകൾക്കു വേണ്ടി അദ്ദേഹത്തിന്റെ കഴിവിനു മേൽ പരിശ്രമിച്ചു. എങ്കിലും വിധി ഇങ്ങനെയായതിൽ ഒരുപാടു ദുഃഖമുണ്ട്. ചാർളി തോമസ് വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ടെങ്കിലും അയാൾ ഇനി പുറത്തിറങ്ങരുത്. ഇനിയൊരു സൗമ്യകൂടിയുണ്ടാകരുത്. പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യയുടെ അമ്മ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.