കോബെ(ജപ്പാന്): കളളപ്പണത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനില്‍ സന്ദര്‍ശനത്തിനിടെ കോബെയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. കണക്കില്‍പെടാത്ത പണം സൂക്ഷിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച ശേഷമുളള രേഖകള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും ജനങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ഓര്‍ക്കുമ്പോള്‍ അഭിമാനവും നന്ദിയും തോന്നുന്നു. ഓരോ പൗരന്മാരെയും ഇക്കാര്യത്തില്‍ താന്‍ അഭിവാദ്യം ചെയ്യുന്നു.
സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം പല വിവാഹങ്ങളും നടന്നു. പലര്‍ക്കും ആശുപത്രികാര്യങ്ങള്ക്കും മറ്റും അടിയന്തരമായി പണം ആവശ്യമായി വന്നു. കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും എല്ലാ കാര്യങ്ങളും നടക്കുകയും പണം ലഭ്യമാകുകയും ചെയ്തു. ജനങ്ങള്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചുവെന്നും സര്‍ക്കാരിന് ഒപ്പം നിന്നുവെന്നുമാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനത്തെ ബൃഹത്തായ സ്വച്ഛതാ അഭിയാന് എന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. കൊളളപ്പണം കണ്ടെത്തേണ്ടതുണ്ട്. നിയമം എല്ലാവര്ക്കും ഒരുപോലെയാകണം. അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യത്തെക്കുറിച്ച് ജനങ്ങള്‍ ഒരിക്കലും ആശങ്കപ്പെടേണ്ടെന്നും അവരുടെ ബുദ്ധിമുട്ടുകള്‍ എങ്ങനെ പരമാവധി കുറയ്ക്കാമെന്ന കാര്യത്തില്‍ നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ താല്പര്യത്തിനായി സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.