തിരുവനന്തപുരം: പഴയ നോട്ടുകള്‍ മാറാനും പണം പിന്‍വലിക്കാനും ബാങ്കുകളിലെത്തുന്നവര്ക്ക് സഹായമൊരുക്കി യുവജനസംഘടനകള്‍ മാതൃകയാകുന്നു. യുവമോര്‍ച്ചയും വിദ്യാര്‍ഥിസംഘടനയായ എബിവിപിയുമാണ് കേരളത്തിലുടനീളം ജനസേവനത്തിന്റെ പുതിയ മാതൃക മറ്റ് പ്രസ്ഥാനങ്ങള്‍ക്കും കാട്ടിക്കൊടുക്കുന്നത്. ബിജെപിയും ഹെല്പ് ഡെസ്ക് സേവനം ഒരുക്കിയിരുന്നു.
സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് അസാധുവായ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ എത്തുന്ന പ്രായമുളളവര്‍ക്കും ബാങ്കിംഗ് നടപടികളെക്കുറിച്ച് വേണ്ടത്ര പരിചയമില്ലാത്ത സ്ത്രീകള്‍ക്കും തുണയാകുകയാണ് ഈ സംഘടനകളുടെ പ്രവര്‍ത്തനം. ഏറെ നേരം ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കുടിവെളളവും ഇവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്.
ചിലയിടങ്ങളില്‍ ബാങ്കുകളോട് ചേര്‍ന്ന് പ്രത്യേക പന്തല്‍ കെട്ടിയാണ് സഹായഹസ്തമൊരുക്കിയത്. കസേരയും ടേബിളും ഇട്ടിരിക്കുന്ന വോളന്റിയര്‍മാര്‍ അപേക്ഷാഫോറം പൂരിപ്പിക്കുന്നതിലും രേഖകളുടെ ഫോട്ടോകോപ്പി എടുക്കുന്നതിലും ഉള്‍പ്പെടെ ജനങ്ങളെ സഹായിക്കുന്നു. രാജ്യം നിര്‍ണായക മാറ്റത്തിന് വിധേയമാകുമ്പോള്‍ അതിനൊപ്പം നിന്ന് ജനങ്ങളെ സേവിക്കുകയാണ് വേണ്ടതെന്ന സന്ദേശം കൂടിയാകുകയാണ് ഇവരുടെ പ്രവര്‍ത്തനം.
യുവതികളും വിദ്യാര്‍ഥികളും അടക്കമുളളവര്‍ ഹെല്പ് ഡെസ്കില്‍ സഹായസന്നദ്ധരായി സജീവമാണ്. സംഘടനകളുടെ നടപടി ഏറെ ആശ്വാസം പകരുന്നതും മാതൃകാപരവുമാണെന്ന് ബാങ്കുകളില്‍ എത്തിയവരും പ്രതികരിക്കുന്നു. അടുത്ത ദിവസം മുതല്‍ ഹെല്പ് ഡെസ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ബിജെപി ഉള്‍പ്പെടെയുളള സംഘടനകളുടെ തീരുമാനം.