ന്യൂഡൽഹി : പതിനഞ്ച് വർഷം പഴക്കമുള്ള രണ്ട് ലക്ഷത്തോളം വലിയ ഡീസൽ വാഹനങ്ങൾ ഇന്നു മുതൽ ഡൽഹി നിരത്തിൽ നിന്ന് ഒഴിയും . ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയനുസരിച്ച് നഗരത്തിൽ ഈ വാഹനങ്ങൾക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തി.
നിരോധനം ഏർപ്പെടുത്തേണ്ട വാഹനങ്ങളുടെ പട്ടിക വെള്ളിയാഴ്ച രാത്രി തന്നെ ട്രാഫിക് പോലീസിന് കൈമാറിയിട്ടുണ്ട് .ഉടമസ്ഥന്റെ പേരും വാഹനങ്ങളുടെ വിശദവിവരവും രജിസ്ട്രേഷൻ ചെയ്ത സ്ഥലവും ഉൾപ്പെടെയുള്ള പട്ടികയാണ് നൽകിയിട്ടുള്ളത്. ഇത്തരം വാഹനങ്ങൾക്ക് നഗരത്തിൽ പാർക്ക് ചെയ്യാനും അനുവാദമില്ല.
പത്ത് വർഷം കഴിഞ്ഞവയുടെ പട്ടികയും ഉടൻ തയ്യാറാക്കും . ഹരിത ട്രിബ്യൂണൽ വിധി പൂർണമായും നടപ്പാക്കാനുള്ള നിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് ഇവയ്ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിരോധനം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കും . ഒപ്പം രണ്ടായിരം രൂപ പിഴയും അടയ്ക്കണം.