ആലപ്പുഴ: ജില്ലയിലെ താറാവ് കർഷകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഏകദേശം 4 ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയിട്ടും നഷ്ടപരിഹാരം നൽകാത്തതാണ് കർഷകരുടെ ജീവിതം നരക തുല്യം ആക്കുന്നത്. ഉടന്‍ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു ആഴ്ചകൾ പിന്നിടുമ്പോഴും എന്ന് ഇനി ഇതു ലഭിക്കുമെന്നാണ് കർഷകരുടെ ചോദ്യം
ക്രിസ്മസ് വിപണി ലക്‌ഷ്യം വച്ചാണ് പ്രധാനമായും കുട്ടനാട്ടിൽ താറാവ് കൃഷി നടക്കുന്നത്. ഇത്തവണയും കടം വാങ്ങിയും, ഉള്ളതെല്ലാം വിറ്റു പെറുക്കിയുമാണ് കർഷകർ താറാവുകളെ വളർത്തിയത്. എന്നാല്‍ ഇവരുടെ പ്രതീക്ഷകളെ അസ്ഥാനത്ത് ആക്കിയാണ് പക്ഷിപ്പനി പടർന്നു പിടിച്ചത്. രോഗം ബാധിച്ച ലക്ഷക്കണക്കിന് താറാവുകളെ കൊന്നൊടുക്കി. പക്ഷെ നഷ്ടപരിഹാരം എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കർഷകർ നീങ്ങുന്നത്. പ്രഖ്യാപനങ്ങൾ അല്ലാതെ അർഹതപ്പെട്ട നഷ്ടപരിഹാരം ആണ് ഇനി ഇവർക്ക് ആവശ്യം. അല്ലെങ്കിൽ അവശേഷിക്കുന്ന കർഷകർ കൂടി താറാവ് കൃഷിയോട് വിട പറയേണ്ടി വരും.