ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുളള പ്രതിസന്ധി പരിഹരിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ പ്രത്യേക കര്‍മസേന രൂപീകരിക്കാന്‍ തീരുമാനിച്ചു. പണവിതരണം ഉള്‍പ്പെടെയുളള നടപടികള്‍ ത്വരിതപ്പെടുത്തുകയാകും കര്‍മസേനയുടെ ലക്ഷ്യം. റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കര്‍മസേനയില്‍ വിവിധ ബാങ്കുകളില്‍ നിന്നുളള പ്രതിനിധികളും അംഗങ്ങളാകും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുളള സ്ഥിതി വിലയിരുത്താനായിരുന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്നലെ യോഗം ചേര്‍ന്നത്. മുതിര്‍ന്ന മന്ത്രിമാരും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ധനമന്ത്രാലയത്തില്‍ നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരും കര്‍മസേനയില്‍ അംഗങ്ങളാകും. പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന തരത്തില്‍ എടിഎമ്മുകള്‍ പുനക്രമീകരിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വേഗത്തിലാക്കാനുളള നിര്‍ദ്ദേശങ്ങള്‍ ഈ കര്‍മസമിതി കൈക്കൊളളുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.
ബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും പുതിയ നോട്ടുകളുടെ വിതരണത്തിന്റെയും ശേഖരത്തിന്റെയും സ്ഥിതി പ്രധാനമന്ത്രി പരിശോധിച്ചതായി ശക്തികാന്ത ദാസ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആവശ്യത്തിന് പണം വിതരണം ചെയ്യാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്‌ക്കുന്നതിന്റെ സാങ്കേതിക പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു.
പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കുന്നത് വരെ മൈക്രോ എടിഎമ്മുകളുടെ സേവനം കൂടുതല്‍ മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മന്ത്രിമാരായ വെങ്കയ്യ നായിഡു, പീയൂഷ് ഗോയല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.