കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാറി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ആര്‍ബിഐ ഇക്കാര്യത്തില്‍ വിവേചനപരമായിട്ടാണ് ഇടപെടുന്നതെന്ന് സഹകരണ സംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിംഗ് റഗുലേറ്ററി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ ദേശസാല്‍കൃത ബാങ്കുകളെക്കാള്‍ നിക്ഷേപമുണ്ടെന്നും നിക്ഷേപകര്‍ക്ക് പണം മാറി നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സഹകരണ സംഘങ്ങള്‍ക്ക് അടിഎം കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഇല്ലാത്ത സാഹചര്യത്തില്‍ 500 ന്റെയോ 1000 ന്റെയോ നോട്ട് മാറിവാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് മറ്റുമാര്‍ഗമില്ലന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടപാടുകാരില്‍ നിന്ന് സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങളും ജില്ലാ സഹകരണ ബാങ്കുകളും അവയ്‌ക്ക് അക്കൗണ്ടുളള ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമായിരുന്നു റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നത്. മതിയായ രേഖകള്‍ ഇല്ലാതെ വന്‍തോതില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപം ഉണ്ടെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നടപടി.
നോട്ടുകള്‍ മാറി നല്‍കാന്‍ സഹകരണ ബാങ്കുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ആര്‍ബിഐയ്‌ക്കും സംസ്ഥാന സര്‍ക്കാര്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഈ ആവശ്യം അംഗീകരിച്ചില്ല.