ന്യൂഡൽഹി: കറൻസി നിരോധനത്തേത്തുടർന്നുണ്ടായ പ്രതിസന്ധിയെ ലഘൂകരിക്കാൻ കൂടുതൽ സൗകര്യങ്ങളൊരുക്കി കേന്ദ്രസർക്കാർ. ഇതിനായി പോസ്റ്റ് ഓഫീസുകൾ വഴി കൂടുതൽ പണം മാറ്റി നൽകാനുളള സാഹചര്യമൊരുക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. നാളെ മുതൽ മുതൽ 2000 രൂപയുടെ കറൻസികൾ എ.ടി.എം മെഷീനുകൾ വഴി ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തിൽ രാജ്യത്തെ ചില എ.ടി.എം കൗണ്ടറുകളിൽ മാത്രമാവും 2000 രൂപ ലഭ്യമായിത്തുടങ്ങുക.
പുതിയ 500, 2000 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി എ.ടി.എം മെഷീനുകൾ പുനഃക്രമീകരിക്കുന്നതിനുളള പ്രവർത്തനം ദ്രുതഗതിയിലാക്കാൻ പ്രത്യേക ദൗത്യ സംഘത്തെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
പ്രതിദിനം എ.ടി.എം വഴി പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 2000ത്തിൽ നിന്നും 2500 ആയി ഉയർത്തിയിരുന്നു. ബാങ്കുകളിൽ മാറ്റി വാങ്ങാവുന്ന തുകയും 4000ത്തിൽ നിന്നും 4500 ആയി ഉയർത്തിയിരുന്നു. ഒരു ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 24,000 ആയുയർത്താനും ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
കുറഞ്ഞത് മൂന്നു മാസം എങ്കിലും മുൻപ് ആരംഭിച്ച കറന്റ് അക്കൗണ്ടുകൾ വഴി 50,000 രൂപ വരെ പ്രതിവാരം പിൻവലിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പുതിയ മൈക്രോ കാഷ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
500 രൂപയുടെ പുതിയ കറൻസികൾ ബാങ്കുകളിൽ ലഭ്യമായിത്തുടങ്ങിയത് പ്രതിസന്ധിക്ക് വലിയ അളവിൽ കുറവു വരുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എ.ടി.എമ്മുകളിലും, ബാങ്കുകളിലും പണമെത്തിക്കുന്ന നടപടി കൂടുതൽ ഊർജ്ജിതമാക്കണമെന്നും നിർദ്ദേശമുണ്ട്.