ഗാസിപൂര്‍: രാജ്യത്ത് നോട്ടുകള്‍ പിന്‍വലിച്ച സംഭവത്തില്‍ തന്നെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ തന്നെ വിമര്‍ശിക്കേണ്ട. പണ്ഡിറ്റ് നെഹ്‌റുവും അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും തന്നെ ഏറെ അധിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അവര്‍ ബാക്കിവച്ച ജോലി തീര്‍ക്കാനുള്ള നിയോഗത്തിലാണ് താനെന്നും പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പറഞ്ഞു.
കള്ളപ്പണ വിരുദ്ധ നടപടിയില്‍ ഉറക്കം നഷ്ടപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്തും പരോക്ഷമായും വിമര്‍ശിച്ച് അഴിമതിയെ തുടച്ച് നീക്കുമെന്ന് ആവര്‍ത്തിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് ശേഷവും സാധാരണക്കാര്‍ സുഖമായി ഉറങ്ങുമ്പോള്‍ അഴിമതിക്കാര്‍ ഉറക്ക ഗുളികയ്‌ക്കായി പരക്കം പായുകയാണ്. അഴിമതി തുടച്ച് നീക്കാനായാണ് ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും അത് പൂര്‍ത്തിയാക്കിയിട്ടേ പിന്‍വാങ്ങൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചില തീരുമാനങ്ങള്‍ തന്റെ ചായപോലെ കടുപ്പമേറിയതാണ്. ഇത്തരം തീരുമാനങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും സാധാരണക്കാര്‍ക്ക് അത് ഇഷ്ടമാണ്. സത്യത്തിന്റെ പാത വിട്ടുള്ള ഒരു നീക്കവും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അതിര്‍ത്തിയില്‍ കള്ളനോട്ട് അച്ചടിക്കുന്നവരായിരുന്നു രാജ്യത്തിന്റെ പ്രധാന ശത്രുക്കള്‍. നമ്മുടെ രാജ്യത്തെ അവര്‍ കള്ളനോട്ടുകളില്‍ മുക്കുകയായിരുന്നു. ശത്രുക്കള്‍ കരുത്തരാണെന്നറിയാം, എന്നാല്‍ അവര്‍ക്കൊന്നും എന്നെ ഭയപ്പെടുത്താനാകില്ല.
കള്ളപ്പണ വിരുദ്ധ നീക്കത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്ക് വേണ്ടത് അഴിമതിയാണോയെന്ന് ജനങ്ങളോട് വ്യക്തമാക്കണം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകുന്നുണ്ടെന്നും അല്‍പം സമയം കൂടി തനിക്ക് നല്‍കണമെന്നും ഗാസിപ്പൂരില്‍ തടിച്ചുകൂടിയ പതിനായിരങ്ങളോടായി പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.