ബീജിംഗ്: ചൈനയുടെ ജെ.10 യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. യുസു എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. ചൈന വ്യോമസേനയുടെ ആഗസ്റ്റ് ഫസ്റ്റ് എയറോബിക് ഡിസ്‌പ്ലേ ടീമിലെ അംഗമായിരുന്നു യുസു. ചൈനയിലെ ഹെവേയ് എന്ന പ്രദേശത്തിന്റെ വടക്കൻ പ്രവിശ്യയിലായിരുന്നു അപകടം.
വിമാനത്തിൽ നിന്നും പുറന്തളളപ്പെട്ട യുസു മറ്റൊരു ജെറ്റ് വിമാനത്തിന്റെ ചിറകിൽ ഇടിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് ചൈനയിലെ പ്രാദേശികമാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. യുസുവിനോടൊപ്പമുണ്ടായിരുന്ന സഹ പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു.
ചൈന പ്രാദേശികമായി നിർമ്മിച്ച ഫൈറ്റർ ജെറ്റുകൾ പറത്താൻ പ്രാവീണ്യം നേടിയ നാലു വനിതാപൈലറ്റുമാരിൽ ഒരാളായിരുന്നു യുസു. ചൈനയുടെ എയർ ഫോഴ്സിന് യുസുവിന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
2005ലാണ് യുസു എയർഫോഴ്സിന്റെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേരുന്നത്. നാലു വർഷത്തെ പരിശീലനത്തിനു ശേഷം പുറത്തിറങ്ങിയ യുസു ഫൈറ്റർ ജെറ്റുകൾ പറത്താൻ യോഗ്യത നേടിയ ആദ്യ 16 വനിതാ പൈലറ്റുമാരിൽ ഒരാളായിരുന്നു. ജെ.10 യുദ്ധവിമാനങ്ങൾ പറത്താൻ യുസു യോഗ്യത നേടുന്നത് 2012 ജൂലൈയിലായിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാപകദിനമായ ആഗസ്റ്റ് ഒന്ന് എന്ന പേരിലുള്ള ടീമിലെ രണ്ട് വനിതാ അംഗങ്ങളിൽ ഒരാളായിരുന്നു യുസു.