കുപ്‌വാര: കശ്മീരിലെ കുപ്‌വാരയിൽ വ്യാവസായികസമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 16 കടകളും ഒരു ഗോഡൗണും അടങ്ങിയ കെട്ടിടത്തിലാണ് തീ പടർന്നു പിടിച്ചത്. ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ അകലെയുളള ഇഖ്ബാൽ മാർക്കറ്റിനു സമീപമുളള കെട്ടിടത്തിലാണ് തീ പടർന്നു പിടിച്ചത്.
മൂന്നു മെഡിക്കൽ സ്റ്റോറുകൾ അടക്കമുളള സ്ഥാപനങ്ങൾക്ക് തീപിടുത്തത്തിൽ നാശനഷ്ടമുണ്ടായി. ആകെ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. 12 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു.
സംഭവം അട്ടിമറിയാണോയെന്ന് വ്യക്തമല്ല. തീപിടുത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.