സന്നിധാനം: മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ നിലവിലെ മേല്‍ശാന്തി എസ് ഇ ശങ്കരന് നമ്പൂതിരി നടതുറന്ന് നെയ് വിളക്ക് തെളിയിക്കും.
ആറ് മണിയോടെ സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. ആദ്യം സന്നിധാനം മേല്‍ശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. പുതിയ മേല്‍ശാന്തിയെ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുക്കും.
വൃശ്ചികം ഒന്നിന് പുലര്‍ച്ചെ ശബരിമല നട ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരിയും മാളികപ്പുറം നട പുതുമന മനു നമ്പൂതിരിയുമാവും തുറക്കുക.
മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ശബരിമല പൂര്ണ്ണസജ്ജമാണെന്നു ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു. സന്നിധാനത്ത് പ്രതിദിനം ഒരുലക്ഷം ആളുകള്‍ക്ക് അന്നദാനത്തിനുള്ള സൗകര്യമുണ്ട്. ഭക്തര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാവശ്യമായ സ്റ്റീല്‍ ഡെസ്കുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പതിനെട്ടാംപടിക്ക് താഴെയുള്ള ആഴി കേടുപാടുകള്‍ തീര്‍ത്ത് പുനര്‍നിര്‍മ്മിച്ചു. പതിനെട്ടാംപടിക്ക് താഴെ നാളികേരം ഉടയ്ക്കാന്‍ വേണ്ടി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 26നാണ് മണ്ഡലപൂജ.