ഇന്ത്യയെ മാതൃകയാക്കി ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കാൻ ഓസ്ട്രേലിയ തയ്യാറാകണമെന്ന് സ്വിസ് ആഗോള ഫിനാൻഷ്യൽ കമ്പനിയായ യുബിഎസ്. ഉയർന്ന നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ് വ്യവസ്ഥയ്‌ക്കും ബാങ്കുകൾക്കും കരുത്ത് പകരുമെന്നാണ് യുബിഎസിന്‍റെ സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.
സാമ്പത്തിക മേഖലയിലെ കുറ്റകൃത്യങ്ങളും ക്ഷേമപ്രവർത്തനങ്ങളിലെ തട്ടിപ്പുകളും നിയന്ത്രിക്കാൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നത് സഹായിക്കുമെന്നാണ് യുബിഎസ് സാമ്പത്തിക വിഭാഗം മുന്നോട്ട് വയ്‌ക്കുന്ന നിർദ്ദേശം. നോട്ടുകൾ പിൻവലിക്കുന്നത് ബാങ്ക് നിക്ഷേപത്തിൽ വർധനയുണ്ടാക്കുമെന്നും ഇതിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കാമെന്നും യുബിഎസ് വിലയിരുത്തുന്നു.
ഓസ്ട്രേലിയൻ കറൻസിയിൽ 90 ശതമാനവും അമ്പതിന്‍റേയും നൂറിന്‍റേയും ഡോളറുകളാണ്. ഇവ പിൻവലിക്കുന്നതോടെ ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുമെന്ന് യുബിഎസിന്‍റെ സാമ്പത്തിക വിദഗ്‌ദ്ധനായ ജൊനാഥൻ മൊട്ട് പറയുന്നു.
ഇന്ത്യയിൽ നോട്ടുകൾ പിൻവലിച്ച നടപടിയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരുന്നു. 500 യൂറോ നോട്ടുകൾ പിൻവലിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്കും നടപടികൾ സ്വീകരിച്ച് വരികയാണ്.