ധാക്ക: ബംഗ്ലാദേശിലെ ക്ഷേത്രങ്ങള്‍ക്കെതിരായ അക്രമത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പൊലീസ്. ബ്രാമണ്‍ബാരിയ ജില്ലയില്‍ ക്ഷേത്രങ്ങള്‍ക്കും ഹിന്ദു സമൂഹങ്ങള്‍ക്കും എതിരെ വ്യാപക അക്രമം നടത്തിയവരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.
ബംഗ്ലാദേശ് കറന്‍സിയായ പതിനായിരം ടാക്കയാണ് പാരിതോഷികം. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം നടത്തിയവരെ പിടികൂടുന്നതില്‍ വീഴ്ച വരുത്തുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് പൊലീസിന്റെ നടപടി. പാരിതോഷികം പ്രഖ്യാപിച്ച നടപടി ഉച്ചഭാഷിണിയിലൂടെ സംഘര്‍ഷമുണ്ടായ മേഖലകളില്‍ പൊലീസ് അറിയിക്കുന്നുണ്ട്.
പ്രതികളെക്കുറിച്ച് ഏതെങ്കിലും തരത്തിലുളള സൂചനകള്‍ നല്‍കുന്നവര്‍ പാരിതോഷികത്തിന് അര്‍ഹരായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബ്രാമണ്‍ബാരിയയില്‍ കഴിഞ്ഞ മാസം അവസാനം ഉണ്ടായ അക്രമത്തില്‍ പതിനഞ്ചോളം ക്ഷേത്രങ്ങളും ഇരുപതിലധികം വീടുകളും തകര്‍ന്നിരുന്നു. ഇസ്ലാം മതത്തെ അപമാനിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം അരങ്ങേറിയത്.