ഗാന്ധിനഗര്‍: 500 ന്റെയും 1000 ത്തിന്റയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പ്രധാനമന്ത്രിയുടെ അമ്മയും ബാങ്കിലെത്തി. ഗാന്ധിനഗറിലെ ബാങ്ക് ശാഖയിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങിയത്.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പ്രയാസങ്ങള്‍ കുറച്ചുദിവസം കൂടി ജനങ്ങള്‍ ക്ഷമിക്കേണ്ടി വരുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അമ്മയും നേരിട്ട് ബാങ്കിലെത്തി നോട്ടുകള്‍ മാറി വാങ്ങിയത്. ബന്ധുക്കളായ രണ്ട് സ്ത്രീകളുടെ സഹായത്തോടെയാണ് ഹീരാബെന്‍ ബാങ്കിലെത്തിയത്.
അഞ്ഞൂറ് രൂപയുടെ ഒന്‍പത് നോട്ടുകളായിരുന്നു കൈയ്യിലുണ്ടായിരുന്നത്. പേ സ്ലിപ്പ് പൂരിപ്പിച്ച് നല്‍കി വിരലടയാളം പതിച്ച് ഉദ്യോഗസ്ഥനില്‍ നിന്നും പുതിയ നോട്ടുകള്‍ വാങ്ങി. രണ്ടായിരത്തിന്റെ പുതിയ രണ്ട് നോട്ടുകളും നൂറിന്റെ അഞ്ച് നോട്ടുകളുമാണ് ഹീരാബെന്നിന് നല്‍കിയത്.
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ജനങ്ങളെ മുഴുവന്‍ ബാങ്കുകളില്‍ ക്യൂ നിര്‍ത്തി ബുദ്ധിമുട്ടിക്കുകയാണെന്ന പ്രചാരണം പ്രധാനമന്ത്രിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിച്ചുവിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അമ്മ ബാങ്കില്‍ നേരിട്ടെത്തി നോട്ടുകള്‍ മാറ്റി വാങ്ങിയത്.