ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി സര്‍ക്കാര്‍ നീക്കം സ്‌റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയത്.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഈ മാസം 25 ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പൗരന്‍മാരുടെ ജീവിക്കാനുളള അവകാശത്തിന് മേലുളള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു ഹര്‍ജികളിലെ ആരോപണം.
ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സംഗം ലാല്‍ പാണ്ഡെ എന്നിവരുടേത് അടക്കം നാല് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ അടക്കമുളള അഭിഭാഷകരായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കണമെന്നുമായിരുന്നു കപില്‍ സിബലിന്റെ വാദം.
അന്‍പത്തിയയ്യായിരം കോടി രൂപ ഇതിനോടകം ബാങ്കുകള്‍ക്ക് നല്‍കിക്കഴിഞ്ഞതായും ആകെ മൂന്നേകാല്‍ ലക്ഷം കോടിയുടെ നിക്ഷേപം രാജ്യത്തെ ബാങ്കുകളില്‍ എത്തിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.