കണ്ണൂർ: സി.പി.എം നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കളളപ്പണം വെളുപ്പിക്കാനാണ് സഹകരണ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാഷ്‌ട്രീയസഭ അദ്ധ്യക്ഷ സി.കെ.ജാനു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
അഴിമതിക്കാരും കൊളളക്കാരുമായവർക്കെതിരെ നിലപാടെടുക്കുന്നവർ ഒരു ഭാഗത്തും അത്തരക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ മറുഭാഗത്തുമായി നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പുതിയൊരു ധ്രുവീകരണമുണ്ടായിരിക്കുകയാണെന്ന് എം.ടി.രമേശ് പറഞ്ഞു. കേരളത്തിലെ സി.പി.എം നേതാക്കളുടെ കളളപ്പണം ഒളിപ്പിക്കാനും അത് വെളുപ്പിക്കാനുമാണ് സഹകരണ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ രാഷ്‌ട്രീയ മാടമ്പിത്തം അനുവദിച്ചുകൊടുക്കാത്ത ഒരു പുതിയ കൂട്ടായ്മ കണ്ണൂരില്‍ രൂപം കൊണ്ടിരിക്കുന്നു എന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ജനാധിപത്യ രാഷ്‌ട്രീയ സഭ അദ്ധ്യക്ഷ സി.കെ.ജാനു പറഞ്ഞു.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ പി.സത്യപ്രകാശന്റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷനില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാക്കളായ സന്തോഷ് അരയാക്കണ്ടി, രാജന്‍ ബാബു, ദാസന്‍, തെക്കന്‍ സുനില്‍കുമാര്‍, കെ.രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.