ന്യൂഡൽഹി: രാജ്യതാൽപര്യം പരിഗണിച്ച് എല്ലാ പാർട്ടികളും കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തികനയത്തിനു പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേർത്ത സർവ്വകക്ഷിസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളളപ്പണത്തിനെതിരായ കേന്ദ്രസർക്കാരിന്റെ നീക്കത്തെ കുരിശുയുദ്ധം, അഥവാ ധർമ്മസമരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നമ്മൾ കളളപ്പണത്തിനും, കളളനോട്ടിനും, അഴിമതിക്കുമെതിരേ ഒരു ധർമ്മയുദ്ധമാണ് നയിക്കുന്നത്. അതിർത്തികടന്നുളള തീവ്രവാദത്തിനും സാമ്പത്തിക പിന്തുണ ലഭിക്കുന്നത് ഇതുവഴിയാണ്. രാജ്യതാൽപ്പര്യം മുൻ നിർത്തി എല്ലാ രാഷ്‌ട്രീയകക്ഷികളും ഈ നീക്കത്തോട് ഒന്നിച്ചു സഹകരിക്കണം. പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭാ-രാജ്യസഭാതെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുളള ആശയവും പ്രധാനമന്ത്രി യോഗത്തിൽ പങ്കു വച്ചു. ഇതുസംബന്ധിച്ചുളള ചർച്ചകൾ പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയസമ്പദ്ഘടന എങ്ങനെ സുതാര്യമാക്കാം എന്നുളളത് പരമപ്രധാനമായ കാര്യമാണ്. തിരഞ്ഞെടുപ്പിനായി സംസ്ഥാനങ്ങൾക്കുളള ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും എല്ലാ പാർട്ടികളും ചർച്ച ചെയ്ത് ധാരണയിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സംബന്ധിക്കുന്ന ഏതു വിഷയത്തേക്കുറിച്ചും തുറന്ന ചർച്ചയ്‌ക്കു സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ജി.എസ്.ടി ബിൽ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കും ഫലപ്രദമായ ഒരു തീരുമാനം ഈ വരുന്ന സമ്മേളനത്തിലുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കറൻസി നിരോധനം സംബന്ധിച്ചുളള സമ്മിശ്രമായ അഭിപ്രായം എല്ലാ പാർട്ടികളിൽ നിന്നും ഉയർന്നു വന്നു. പൊതുജനം നേരിടുന്ന ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നതിനായി ഭാരതീയജനതാപാർട്ടിയുടെ എല്ലാ പ്രവർത്തകരോടും പൊതുജനങ്ങൾക്ക് സഹായങ്ങൾ ചെയ്യുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ വിശദീകരിച്ചു.
മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവരും കോണ്‍ഗ്രസ്, എന്‍.സി.പി, ബി.എസ്.പി, എസ്.പി, എ.എ.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.