ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് നിരോധനം. അഞ്ചു വർഷത്തേക്കാണ് സംഘടനയ്‌ക്കു നിരോധനമേർപ്പെടുത്തുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കിയ കരടുറിപ്പോർട്ടിന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. യു.എ.പി.എ നിയമപ്രകാരമാണ് സാക്കിർ നായിക്കിന്റെ സംഘടന കേന്ദ്രസർക്കാർ നിരോധിച്ചത്.
സാക്കിർ നായിക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്തിരുന്ന പീസ് ടി.വിയുമായി സംഘടനയ്‌ക്ക് ബന്ധമുളളതായി ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സാക്കിർ നായിക്ക് തന്റെ പ്രഭാഷണങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിച്ചു എന്ന മഹാരാഷ്‌ട്ര പൊലീസിന്റെ റിപ്പോർട്ടും കരടു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് മഹാരാഷ്‌ട്ര പൊലീസ് സാക്കിർ നായിക്കിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ സ്ഫോടനം നടത്തിയ തീവ്രവാദികൾ തങ്ങൾ സാക്കിർ നായിക്കിന്റെ പ്രഭാഷണത്തിൽ ആകൃഷ്ടരായെന്നു വെളിപ്പെടുത്തിയതിനേത്തുടർന്ന് സാക്കിർ നായിക്കിനേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബംഗ്ലാദേശ് സർക്കാരും ഭാരതസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുളള രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകളും തീവ്രവാദം സംബന്ധിച്ച് അന്വേഷണം നേരിടുന്നുണ്ട്.