മുംബൈ: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ ക്രമാതീതമായ നിക്ഷേപവർദ്ധന. കോടികളുടെ നിക്ഷേപമാണ് ഓരോ ബാങ്കുകളിലും അധികമായി വന്നു ചേർന്നുകൊണ്ടിരിക്കുന്നത്.
ഇത് വായ്പകൾക്കടക്കം പലിശനിരക്കിൽ കുറവു വരുത്തും. വാഹനവായ്പ, ഭവന വായ്പ എന്നിവയിലുണ്ടാകുന്ന കുറവ് സാധാരണക്കാർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിക്ഷേപങ്ങൾക്കുളള പലിശനിരക്കിലും ഇതു കുറവു വരുത്തും.
ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം നിക്ഷേപമായെത്തിയത് 92,000 കോടി രൂപയാണെന്ന് എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. 24,000 ശാഖകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കുളളത്.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുതിയ മാറ്റം കാരണം വലിയ തുകകൾ മാറ്റിയെടുക്കാൻ ബാങ്കിൽ നിക്ഷേപിക്കുക മാത്രമാണ് വഴി. ലഭിക്കുന്ന തുക മുഴുവൻ 500, 1000 രൂപയുടെ നോട്ടുകളാണ്. പുറത്തേയ്‌ക്കു നൽകുന്ന തുകയ്‌ക്ക് നിയന്ത്രണമുളളതും ബാങ്കുകൾക്ക് ഗുണം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു.