അമൃത് സര്: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാകിസ്ഥാന്റെ സൈനിക അഭ്യാസം. പഞ്ചാബ് പ്രവിശ്യയിലെ ബാവല്പൂരിലാണ് പാകിസ്ഥാന് സൈനിക അഭ്യാസം സംഘടിപ്പിച്ചത്. അതിര്‍ത്തി മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം തുടരുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി.
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ സേനാമേധാവി ജനറല്‍ റഹീല്‍ ഷെരീഫും ഉന്നത സൈനിക ഉദ്യോഗസ്ഥരും സന്നിഹിതനായിരുന്നു. സൈനിക അഭ്യാസം നടന്നതായി റേഡിയോ പാകിസ്ഥാന് സ്ഥിരീകരിച്ചു.
ബാവല്‍പൂരിലെ റാദ് ഉള് ബാര്‍ക്കില്‍ ഇന്നലെയായിരുന്നു സൈനിക അഭ്യാസം. ശത്രുക്കള്‍ക്കെതിരേ സൈന്യം യുദ്ധസജ്ജമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അഭ്യാസമെന്ന് ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അസിം ബാജ് വ ട്വിറ്ററില്‍ വ്യക്തമാക്കി. സമഗ്രവും പൂര്ണവുമായിരുന്നു സൈനിക അഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യയുടെ വെടിവെയ്പില്‍ ഏഴ് പാക് അതിര്ത്തിരക്ഷാസേനാംഗങ്ങള് കൊല്ലപ്പെട്ടതായി പാകിസ്ഥാന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. കരസേനയും വായുസേനയുമാണ് അഭ്യാസത്തില്‍ പങ്കെടുത്തത്.