കണ്ണൂര്‍: കുത്തകകളുടെ കടം എഴുതി തളളിയെന്ന് ആരോപിച്ച് കണ്ണൂരില്‍ എസ്ബിഐ ശാഖയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം. കൂത്തുപറമ്പ് എസ്ബിഐ ശാഖയിലേക്ക് പ്രതിഷേധം നടത്തിയ മുപ്പതോളം പ്രവര്‍ത്തകരാണ് ബാങ്ക് ശാഖയില്‍ കടന്നുകയറി അക്രമം നടത്തിയത്. ബാങ്കിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ അക്രമത്തില്‍ തകര്‍ന്നു. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനും മറ്റും ആളുകള്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അക്രമം.
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബാങ്കിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. പണം പിന്‍വലിക്കാനും നോട്ടുകള്‍ മാറാനും താഴത്തെ നിലയില്‍ കാത്തുനിന്ന ആളുകള്‍ക്കിടയിലൂടെ മുദ്രാവാക്യം വിളിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുകള്‍ നിലയിലെ മേനേജരുടെ ക്യാബിനിലേക്ക് പോയി. മുറിയില്‍ മാനേജര്‍ ഇല്ലെന്ന് കണ്ട പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ മുദ്രാവാക്യം വിളിയുമായി അവിടെ കുത്തിയിരുന്നു. പ്രതിഷേധം നടക്കുന്ന സമയത്തെല്ലാം ബാങ്ക് ഇടപാട് ഏതാണ്ട് സ്തംഭിച്ച സ്ഥിതിയായിരുന്നു.
പ്രതിഷേധം നടക്കുന്ന വിവരം അറിഞ്ഞ് നേരത്തെ തന്നെ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരുടെ എണ്ണം നാമമാത്രമായിരുന്നു. കൂടുതല്‍ പൊലീസ് എത്തിയാണ് പ്രതിഷേധം നടത്തിയവരെ ബാങ്കിനുളളില്‍ നിന്നും നീക്കിയത്. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും കുത്തകകളുടെ കടം എഴുതി തളളുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പല ബാങ്കുകളിലേക്കും പ്രതിഷേധം നടത്തിയത്.
അതേസമയം ഒരു വശത്ത് ബാങ്കുകളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് പറയുകയും മറുവശത്ത് പ്രതിഷേധത്തിലൂടെ ബാങ്ക് നടപടികള്‍ സ്തംഭിഭിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐയുടെ ഇരട്ടത്താപ്പിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.