ന്യൂഡൽഹി: ധാക്ക ആക്രമണത്തിൽ പങ്കെടുത്ത മൂന്നു തീവ്രവാദികൾ സാക്കിർ നായിക്കിനെ പിൻതുടർന്നിരുന്നവരായിരുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസരാജ് ആഹിർ രാജ്യസഭയെ എഴുതി അറിയിച്ചതാണിത്.
വിദ്യാഭ്യാസസ്ഥാപനമെന്ന പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ വിദ്യാഭ്യാസേതര പ്രവർത്തനങ്ങളിലും ഇടപെടുന്നതായി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം വ്യക്തമാക്കി. വിദേശപങ്കാളിത്തനിയന്ത്രണ നിയമം ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ലംഘിച്ചിട്ടുളളതായി ശ്രദ്ധയിൽ പെട്ടതിനേത്തുടർന്ന്, സ്ഥാപനത്തെ മുൻകൂർ അനുമതിപ്പട്ടികയിലേക്ക് കേന്ദ്രസർക്കാർ മാറ്റിയിരുന്നു. മുൻകൂർ അനുമതിപ്പട്ടികയിൽ പെടുത്തിയ സ്ഥാപനങ്ങൾക്ക് വിദേശഫണ്ടുകൾ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
അതേസമയം സാക്കിർ നായിക്കിന്റെ സംഘടനയെ ഇന്നലെ യു.എ.പി.എ ചുമത്തി അഞ്ചു വർഷത്തേയ്ക്ക് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സാക്കിർ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നു കണ്ടെത്തിയതിനേത്തുടർന്നായിരുന്നു നടപടി. ഇതു സംബന്ധിച്ച കരടു റിപ്പോർട്ടിൽ മഹാരാഷ്ട്ര പൊലീസിന്റെ റിപ്പോർട്ടും ഉൾപ്പെടുത്തിയിരുന്നു. സാക്കിർ നായിക്കിന്റെ സംഘടനയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന ചിലരെ നേരത്തേ ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്കു യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സാക്കിർ നായിക്കിന്റെ സംഘടനയെ തീവ്രവാദപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചു വർഷത്തേയ്ക്ക് നിരോധിക്കാൻ ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് തീരുമാനിച്ചത്. തീവ്രവാദം പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ അന്താരാഷ്ട്ര ഇസ്ലാമിക് ചാനലായ പീസ് ടിവിയുമായി സാക്കിർ നായിക്കിനുളള ബന്ധം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് സംഘടനയെ നിരോധിക്കാൻ കേന്ദ്രക്യാബിനറ്റ് യോഗം തീരുമാനിച്ചത്.