കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായിരുന്ന പ്രതി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസിലെത്തിയാണ് സക്കീര്‍ കീഴടങ്ങിയത്. കഴിഞ്ഞമാസം 26നാണ് സക്കീറിനെതിരെ കേസെടുത്തത്. സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയാണ് സക്കീര്‍ ഹൂസൈന്‍.
നേരത്തെ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഒരാഴ്ചയ്‌ക്കുളളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും സക്കീര്‍ ഹുസൈനോട് അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സക്കീറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലും കളമശേരി പൊലീസ് സ്‌റ്റേഷനിലും ഉള്‍പ്പെടെ 15 കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ടെന്നും നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഗുണ്ടാകേസുകള്‍ കൈകാര്യം ചെയ്യാന്‍ രൂപീകൃതമായ ടാസ്‌ക് ഫോഴ്‌സ് ആണ് കേസ് അന്വേഷിക്കുന്നത്.
വെണ്ണലയിലെ വ്യവസായി ജൂബി പൗലോസും ബിസിനസ് പങ്കാളിയുമായി ഉണ്ടായ സാമ്പത്തിക തര്‍ക്കത്തില്‍ സക്കീര്‍ ഹുസൈന്‍ ഇടപെടുകയും ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.