ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബാങ്കിംഗ് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. കര്‍ഷകര്‍ക്കും എപിഎംസി രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ക്കും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയതിനൊപ്പം വിവാഹ ആവശ്യത്തിനായി കുടുംബത്തിലെ ഒരാള്‍ക്ക് അക്കൗണ്ടില്‍ നിന്ന് 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്നും കേന്ദ്രസാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഡല്‍ഹിയില്‍ വ്യക്തമാക്കി. അതേസമയം നാളെ മുതല്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാവുന്ന തുകയുടെ പരിധി 4500 രൂപയില്‍ നിന്ന് 2000 രൂപയാക്കി കുറയ്‌ക്കും.
ബാങ്കുകളിലെ നോ യുവര്‍ കസ്റ്റമര്‍ പ്രകാരമുളള രേഖകള്‍ നല്‍കുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത രക്ഷകര്‍ത്താക്കള്‍ക്കും മക്കളുടെ വിവാഹ ആവശ്യത്തിനായി തുക പിന്‍വലിക്കാം. തുക ഒരു അക്കൗണ്ടില്‍ നിന്നാണ് പിന്‍വലിക്കുന്നതെന്ന സത്യവാങ്മൂലം നല്‍കിയ ശേഷം പണം പിന്‍വലിക്കാമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നോട്ടുകള്‍ മാറ്റിവാങ്ങാനുളള അവസരം കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് തുകയുടെ പരിധി 4500 രൂപയില്‍ നിന്ന് 2000 രൂപയാക്കി കുറച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ബാങ്കുകള്‍ പാസാക്കിയിട്ടുളള കാര്‍ഷിക വായ്പാ തുകയില്‍ നിന്നും കര്‍ഷകര്‍ക്ക് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 25000 രൂപയാക്കി ഉയര്‍ത്തി. എപിഎംസി(അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി) യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വ്യാപാരികള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാം. കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്‌ക്കാനുളള സമയപരിധി പതിനഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.
ഗ്രൂപ്പ് സി വിഭാഗത്തില്‍ വരെ ഉള്‍പ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്നും പതിനായിരം രൂപ വരെ ശമ്പള അഡ്വാന്‍സായി വാങ്ങാം. നവംബറിലെ ശമ്പളത്തില്‍ ഈ തുക കുറയ്‌ക്കും. എടിഎം നവീകരണം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് വേഗം പകരാന്‍ രൂപീകരിച്ച കര്‍മസമിതി ആദ്യയോഗം ചേര്‍ന്നതായും എടിഎം നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായും ശക്തികാന്ത ദാസ് പറഞ്ഞു.